Sunday, October 22, 2017

വായന - നൈൽ ഡയറി

എസ് കെ പൊറ്റക്കാടിനും അദ്ദേഹത്തിന്റെ യാത്രകൾക്കും കൂടുതൽ ആമുഖങ്ങൾ നൽകേണ്ടതില്ലല്ലോ.
1949 ൽ നടത്തിയ ഒരു യാത്രയാണ് 'നൈൽ ഡയറി' എന്ന ഈ പുസ്തകത്തിലൂടെ അദ്ദേഹം വിവരിക്കുന്നതെന്ന് വിശ്വസിക്കാൻ നമുക്കാവുന്നില്ല. ഇന്ന് നമ്മോടൊപ്പം യാത്രചെയ്യുന്ന ഗ്രന്ഥകാരനെ പോലെയാണ് എസ് കെയുടെ അവതരണം അദ്ദേഹത്തിന്റെ ആവിഷ്കരണ ശൈലി  ഇന്നും വ്യത്യസ്തമായി തന്നെ നിലനിൽക്കുന്നു.
നൈൽ നദിക്കരയിൽ അദ്ദേഹം കാണുന്ന മൃഗങ്ങൾക്ക് അദ്ദേഹത്തിന്റേതായ ഒരു വിശേഷണം കൂടി ചാർത്തി കൊടുക്കുന്നുണ്ട്. ഈ നർമ്മമാധുര്യം കൊണ്ട് തന്നെയാകാം എസ്.കെ യുടെ സഞ്ചാരസാഹിത്യകൃതികൾ മികച്ച വായനാനുഭവം സമ്മാനിക്കാനാവുന്നത്.
നൈലൊരു മഹാകാവ്യമാണെന്ന് സൂചിപ്പിച്ചുകൊണ്ട് തുടങ്ങി സൃഷ്ടികാലം മുതൽ നൈയിലിന്റെ ഭൂതകാലവും വർത്തമാനവും ഭാവിയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരുക്കിയ ആമുഖത്തിൽ കരയിൽ വിഹരിക്കുന്ന വിചിത്രജന്തുക്കളെയും തന്റെ സ്വതസിദ്ധമായ ഭാവനയിൽ വാക്കുകൾ കൊണ്ട് വരച്ചിടാൻ എസ് കെ പൊറ്റക്കാടിനു സാധിക്കുന്നു.
നെയിൽ ഒരു മഹാകാവ്യം ആണെന്ന സത്യം വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് ആമുഖത്തിന് അദ്ദേഹം വിരാമം കുറിക്കുന്നു.
നൈയിലെന്നത് ഒരു നാടകശാലയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരൻ നൈയിലിന്റെ ഉത്ഭവസ്ഥാനമായ റിപ്പൺ വെള്ളച്ചാട്ടത്തിലേക്ക് 1949
നവംബർ 9 നു യാത്ര തുടങ്ങുന്നു. നൈയിൽ എന്ന നാടകത്തിന്റെ പ്രഥമ രംഗം ഇവിടെ തുടങ്ങുന്നു. വിക്ടോറിയസരസ്സ് നൈൽ നദിയെ പ്രസവിക്കുന്ന ആ കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. ആ ദൃശ്യവിരുന്ന് തന്റെ വാക്കുകളിലൂടെ എഴുത്തുകാരൻ നമുക്ക് കാണിച്ചു തരുന്നു.. അത്രമേല്‍ ലൈവായ അവതരണം.

റിപ്പണ്‍ വെള്ളച്ചാട്ടത്തിനു ശേഷം ഏകദേശം മൂന്നു മൈല്‍ സഞ്ചരിക്കുന്ന നദി വീണ്ടുമൊരു വെള്ളച്ചാട്ടത്തിനു കൂടി ജന്മം നല്‍കുന്നു. ഓവന്‍ വെള്ളച്ചാട്ടം. അഴകുകൊണ്ട് റിപ്പണ്ണേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതായി പറയുന്നു. പക്ഷെ ആ മനം കവരുന്ന കാഴ്ചകള്‍ക്കൊന്നും വലിയ അയുസ്സുണ്ടായില്ല. പരിഷ്കൃത മനുഷ്യന്‍റെ സംസ്കാരപരമായ സംഹാരപ്രിയത്വം ഈ വെള്ളച്ചാട്ടത്തിനരികെ ഒരു വമ്പന്‍ അണകെട്ടുകെട്ടി ഇരു വെള്ളച്ചാട്ടങ്ങളെയും വെള്ളത്തില്‍ മുക്കി കൊന്നുകളഞ്ഞു. എസ് കെ യെ പോലുള്ള ഒരു കൂട്ടം  ഭാഗ്യശാലികളുടെ വാക്കുകളിലൂടെ മാത്രമേ ഇനി നമുക്കവയെ നോക്കി കാണാൻ  സാധിക്കു. ഇനി വരാനിരിക്കുന്ന തലമുറകള്‍ക്ക് നമ്മുടെ അതിരപ്പിള്ളിയും വാക്കുകളിലൂടെ മാത്രം കാണാന്‍ സാധിക്കുന്ന ഒന്നാക്കി മാറ്റരുതേ എന്നു അപേക്ഷിക്കുകയാണ്.

ഉഗാണ്ടയുടെ ഒരു കോണില്‍ ഒളിച്ചുകിടക്കുന്ന മര്‍ച്ചിസണ്‍ വെള്ളച്ചാട്ടം കാണാനായി കപ്പലില്‍ കേറിപറ്റാന്‍ ശ്രമിക്കുന്ന കഷ്ടപാടുകള്‍ ചെറുതൊന്നുമല്ല. ഒരു ഉത്തരേന്ത്യനില്‍ നിന്നും കറുത്ത മദിരാശിക്കാരനായത് കൊണ്ടുണ്ടാകുന്ന തിക്താനുഭവങ്ങളാല്‍ സ്വയം ലജ്ജിച്ചു  തലതാഴ്ത്താനെ  അദ്ധേഹത്തിനു കഴിയുന്നുള്ളൂ.ഇന്ത്യക്കാര്‍ തമ്മില്‍ പുലര്‍ത്തുന്ന ഗൂഡമായ പ്രാദേശിക മനോഭാവവും, ആയിത്തവുമെല്ലാം സ്വന്തം ഉള്ളിലെ ഇന്ത്യക്കാരൻ എന്ന അഭിമാനം ചീഞ്ഞു നാറുന്നതായി അദ്ദേഹത്തിനു തോന്നി.

ജുബയിലെ തന്റെ ദിവസങ്ങളിൽ എസ്‌. കെ താമസിച്ചിരുന്നത്  അവാദ്‌ അബ്ദുള്ള എന്ന അറബിയുടെ അതിഥിയായിട്ടാണ്. തന്റെ നിലക്കും വിലക്കും ചേർന്ന മനുഷ്യരോടുള്ള ഇടപഴലുകളിൽ നിന്നും മനുഷ്യത്വത്തിന്റെ അജ്ഞാതവശങ്ങളെപറ്റി  നമുക്ക്‌ മതിപ്പു തോന്നുമ്പോഴും അപരിഷ്‌കൃതരായുള്ള കാപ്പിരികളെയൊന്നും മനുഷ്യരായി കാണാൻ പോലും എസ്‌ കെയുടെ അതിവിശാലമായ മനുഷ്യത്വബോധത്തിനു പോലും കഴിഞ്ഞിരുന്നില്ല.

നൈയിൽക്കരയെ ഒരു നാടകശാലയോടാണ് ഉപമിച്ചിരിക്കുന്നത്‌. നർമ്മമാധുരവും ഭാവനാസുരഭിലവുമായ ആവിഷ്‌കരണ രീതി എസ്‌ കെയുടെ സഞ്ചാരസാഹിത്യങ്ങൾക്കു മാത്രം അവകാശപെടാനുള്ളതാണ്. നൈയിലെന്ന നാടകം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

1 comment: