Sunday, July 2, 2017

വായന- ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ

"ഹിമാലയം" എന്നും എന്നെ നിരന്തരമായി വിസ്മയിപ്പിച്ചിട്ടും, കൊതിപ്പിച്ചിട്ടുമുള്ള ഒരു പ്രതിഭാസമാണ്. ഹിമാലയം എന്ന വികാരം എന്നുമുതലാണെന്നോ, എങ്ങനെയാണെന്നോ എന്നില്‍ ഇത്രമേല്‍ സ്വാധീനം ചെലുത്തിയത് എന്നറിയില്ല. ഹിമാലയന്‍ യാത്രാവിവരണം എന്ന  ടാഗ് കണ്ടപ്പോള്‍ മറ്റൊന്നും നോക്കാതെ എം.കെ രാമചന്ദ്രന്‍റെ "ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ" എന്ന പുസ്തകം വായനക്കായി തിരഞ്ഞെടുത്തപോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകള്‍  ഹിമാലയത്തേക്കാള്‍ വലുതായിരുന്നു എന്നതില്‍ ഒട്ടും അതിശയോക്തിയില്ല.


ഗ്രന്ഥകാരന്‍റെ ഹിമാലയ യാത്ര ആധ്യാത്മിക കേന്ദ്രങ്ങളും സന്യാസിമാരെയും ഒക്കെ തേടിയുള്ള ഒരു തീര്‍ഥാടനയാത്ര മാത്രമായി ചുരുങ്ങുകയായിരുന്നു. ഹിമാലയ പർവതത്തിലൂടെയും താഴ്വരകളിലൂടെയുമുള്ള യാത്രകളിലെ സാഹസികതയോ, നിഗൂഡതകളോ, ഭയമോ, ഹിമപര്‍വതങ്ങളുടെ വശ്യമായ സൗന്ദര്യമോ, ഹിമാലയന്‍ ഗ്രാമങ്ങളിലെ സാംസ്‌കാരിക മാസ്മരികതായോ വായനക്കാരിലേക്ക് അതിന്‍റെ പൂര്‍ണ രൂപത്തില്‍ എത്തിക്കാന്‍ ഗ്രന്ഥകാരന്‍ സാധിക്കുന്നില്ല. ഒരു സഞ്ചാരി എന്നതിലുപരി കേവലമായ ഒരു തീര്‍ഥാടകന്‍ എന്നതിലേക്ക് ചുരുങ്ങി പോകുന്ന എഴുത്തുകാരനെയാണ് ഓരോ പേജിലും വായനക്കാരന്‍ കാണുന്നത്.

ആത്മീയത കുത്തിനിറക്കാന്‍ പാടുപെട്ടപ്പോള്‍ പുറത്തുപോയത് ഹിമാലയം എന്ന വികാരമാണെന്ന് എഴുത്തുകാരന്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒന്നാം പേജ് മുതല്‍ മുന്നൂറ്റിഅമ്പതാം പേജ് മറച്ചപ്പോഴും അടുത്ത പേജിലെങ്കിലും ഹിമാലയം എന്നെ വിസ്മയിപ്പിക്കും എന്നൊരു പ്രതീക്ഷ ഓരോ വായനക്കാരനും വച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ ആത്മീയതയുടെയും കേട്ടാല്‍ ദഹിക്കാത്ത കുറെ കെട്ടുകഥകളുടെയും അതിപ്രസരം എല്ലാ പ്രതീക്ഷളെയും അസ്ഥാനത്താക്കുന്നു.

തന്‍റെ തീര്‍ഥാടന യാത്രയില്‍ കടന്നുപോകുന്ന ഹിമാചല്‍‌പ്രദേശിലെ ചില ഹിമാലയന്‍ ഗ്രാമങ്ങള്‍ വാക്കുകളിലൂടെ വരച്ചിടാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ജീവിത രീതികളും, സംസ്കാരങ്ങളും, വിശ്വാസങ്ങളും ഒക്കെ പറയുമ്പോഴും അവരുടെ കെട്ടുകഥകള്‍ക്കെല്ലാം ശാസ്ത്രീയ പരിവേഷം കൊടുക്കുന്നത് ഒരു കല്ലുകടിയായി.

മനുഷ്യയുക്തിക്ക് നിരക്കാത്ത പല അത്ഭുത അനുഭവങ്ങളും എഴുത്തുകാരന് യാത്രയില്‍ ഉടനീളം ഉണ്ടാവുന്നുണ്ട്. ഹിമാലയ പാതകളില്‍ വഴിതെറ്റുന്ന എഴുത്തുകാരനും കൂട്ടര്‍ക്കും വഴികാട്ടാന്‍ എത്തുന്നത് കാക്കയും, നായയും, വൃദ്ധനുമൊക്കെയാണ്. ആധുനിക സാങ്കേതിക വിദ്യയായ GPS നേക്കാളും എന്തുകൊണ്ടും മികച്ചതാണ് കാക്കയുടെ സാങ്കേതിക വിദ്യ എന്നു ഗ്രന്ഥകാരന്‍ അവകാശപെടുന്നു.

വളര്‍ത്തുമൃഗങ്ങളില്‍ നായയെന്ന പോലെ പറവകളില്‍ കാക്കയും അതിപുരാതന കാലം മുതല്‍ക്കുതന്നെ മനുഷ്യരുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിവരുന്ന ജീവികളാണ് എന്ന ഗ്രന്ഥകാരന്‍റെ നിരീക്ഷണത്തോട് പൂര്‍ണമായി യോജിക്കുന്നു. മനുഷ്യനുമായി ഇത്രമേല്‍ ബന്ധം പുലര്‍ത്തിയിട്ടും കാക്കക്ക് അതിന്‍റെ പരിഗണന വകവച്ചു കൊടുക്കുന്നുണ്ടോ എന്നത് പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഒരു പക്ഷെ കക്കയുടെ കറുത്ത നിറമായിരിക്കും അതിനു കാരണം. വര്‍ണാശ്രമ അധര്‍മ്മങ്ങളെ പൂര്‍ണമായി നമ്മുടെ സിരകളില്‍ നിന്നും ശുദ്ധീകരിക്കാന്‍ കഴിയാത്തതാവാം.

അധ്യാത്മികതയും, മനുഷ്യ യുക്തിക്ക് നിരക്കാത്ത അത്ഭുതപ്രതിഭാസങ്ങളും, സന്യാസി കെട്ടുകഥകളും ദഹിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം നല്ലൊരു വായനാനുഭവം തന്നേക്കാം. മറിച്ചു യാത്രകളും, ഹിമാലയവും ഒക്കെയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ നിങ്ങളെ തീര്‍ച്ചയായും ഈ പുസ്തകം നിരാശപ്പെടുത്തും.

പുസ്തകത്തിന്‍റെ നൂറോളം പേജുകള്‍ അനുബന്ധങ്ങളാണ്. ഒന്നാം അനുബന്ധം ഗംഗയുടെ അജ്ഞാത ഉറവിടം തേടിപോയി ഗന്ധര്‍വലോകത്ത് എത്തിപെടുന്ന ഒരു അനുഭവമാണ്. പണ്ട് ബാലരമയിലും ബാലമംഗളത്തിലും പ്രസിദ്ധീകരിച്ചിരുന്ന ഗന്ധര്‍വകഥളുടെ സ്മരണകളിലേക്ക് കൊണ്ടുപോയി എന്നത് ഞാന്‍ മറച്ചുവക്കുന്നില്ല. എഴുത്തുകാരന്‍റെ ഹിമാലയ യാത്രകളുടെ വിശദീകരണം എന്ന പേരില്‍ എഴുതി കൂട്ടിയ അമ്പതോളം പേജുകളില്‍ ഗ്രന്ഥകാരനെ വിമര്‍ശിച്ച ഒരു വ്യക്തിക്കുള്ള മറുപടിയാണ്. വിമര്‍ശകര്‍ക്ക് മുഴുവന്‍ പുസ്തകങ്ങളിലൂടെ മറുപടി കൊടുക്കാന്‍ ഒരുങ്ങിയാല്‍ നമ്മുടെ എഴുത്തുകാര്‍ക്ക് എത്രെയെത്ര പുസ്തകങ്ങള്‍ പുറത്തിറക്കേണ്ടി വരും?

5 comments:

 1. കേട്ടിട്ടില്ലായിരുന്നു ഈ പുസ്തകത്തെ പറ്റി. പരിചയപ്പെടുത്തലിന് നന്ദി. :)

  ReplyDelete
 2. പൂരണങ്ങളെയും കെട്ടുകഥകളെയും തന്റെ യാത്രയിലൂടെ അരക്കെട്ടുറപ്പിച്ച് വായനക്കാരിലും അത്തരം ഉണർവുകൾ മനസ്സിന്റെ അടിത്തട്ടിലുണ്ടാക്കിയെടുത്ത് അവയെ വിശ്വാസമാക്കിയെടുക്കാൻ സാധിക്കുന്നതിലൂടെയാണ് നമുക്ക് ചുറ്റും കാണപ്പെടുന്ന അന്ധവിശ്വാസികളുടെ എണ്ണം വർധിക്കപ്പെടുന്നത്. ദൈവത്തിലേക്ക് എത്താൻ എളുപ്പ വഴി തേടുന്നവരുടെ പ്രവാചകൻമാരായി മാറുകയാണ് ഇത്തരം ഗ്രന്ഥകാരമാർ എന്ന് പുരണങ്ങളുടെ ചരിത്രത്തിലെക്ക് ഒന്നെത്തി നോക്കിയാൽ ഗ്രഹിച്ചെടുക്കാൻ സാധ്യമാണ്.

  സ്വലീൽ ഫലാഹി

  ReplyDelete
 3. പൂരണങ്ങളെയും കെട്ടുകഥകളെയും തന്റെ യാത്രയിലൂടെ അരക്കെട്ടുറപ്പിച്ച് വായനക്കാരിലും അത്തരം ഉണർവുകൾ മനസ്സിന്റെ അടിത്തട്ടിലുണ്ടാക്കിയെടുത്ത് അവയെ വിശ്വാസമാക്കിയെടുക്കാൻ സാധിക്കുന്നതിലൂടെയാണ് നമുക്ക് ചുറ്റും കാണപ്പെടുന്ന അന്ധവിശ്വാസികളുടെ എണ്ണം വർധിക്കപ്പെടുന്നത്. ദൈവത്തിലേക്ക് എത്താൻ എളുപ്പ വഴി തേടുന്നവരുടെ പ്രവാചകൻമാരായി മാറുകയാണ് ഇത്തരം ഗ്രന്ഥകാരമാർ എന്ന് പുരണങ്ങളുടെ ചരിത്രത്തിലെക്ക് ഒന്നെത്തി നോക്കിയാൽ ഗ്രഹിച്ചെടുക്കാൻ സാധ്യമാണ്.

  സ്വലീൽ ഫലാഹി

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. പ്രിയ സുഹൃത്തേ..

  താങ്കളുടെ ''ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ'' എന്ന എം കെ രാമചന്ദ്രന്റെ പുസ്തകത്തെക്കുറിച്ചുള്ള നിരൂപണം വായിച്ചു. അന്ധന്മാർ ആനയെ തൊട്ടുനോക്കിയ കഥകൾ പലവിധത്തിൽ ചെറുപ്പത്തിൽ കേൾക്കാനിടയായ ഓർമകളാണ് അന്നേരം മനസിലേക്കെത്തിയത്. ഹിമാലയത്തിന്റെ ആന്തരികമായ ഉൾത്തടങ്ങളിൽ ഗ്രന്ഥകാരൻ കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളോളം സഞ്ചരിച്ചതായിട്ടാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ഹിമാലയത്തിന്റെ മുക്കിലും മൂലയിലും യാഥാർഥ്യങ്ങളെ പഠിക്കുവാൻ അദ്ദേഹം നടന്ന വഴികളിൽ കഥാകാരന്റെ ആഖ്യായന ശൈലിയിൽ ആത്മീയത കലരുന്നതാണ് താങ്കളെ അലോസരപ്പെടുത്തുന്നത് എന്ന് വാക്കുകളിലെ പുച്ഛത്തിൽ വ്യതമാണ്. ഹിമഭൂമിയിൽ ഹൈന്ദവ വിശ്വാസങ്ങളിൽ അല്ലങ്കിൽ ആചാരങ്ങളിൽ നിഴലിക്കുന്ന ഒരുപാടു കെട്ടുകാഴ്ചകൾ എന്ന് തോന്നിക്കുന്ന പൗരാണികമായ വിശ്വാസങ്ങളെ കൂട്ടിയോചിപ്പിക്കാനുള്ള കണ്ടെത്തലുകളിൽ അദ്ദേഹം തന്റേതായ ഭാഗം വ്യക്തമാക്കുന്നു, അദ്ദേഹത്തിന്റേതായ കണ്ടെത്തലുകളിൽ സമർഥിക്കുക്കുന്നു. അത് എഴുത്തുകാരന്റെ സ്വാതന്ദ്ര്യമാണ്. വായനക്കാരനെ/ കാഴ്ചക്കാരനെ ജാതി തിരിച്ചു,വർഗം തിരിച്ചു, ഇഷ്ട്ടങ്ങൾ അനുസരിച്ചു പല ക്ലൈമാക്സ്കളിൽ പ്രീണനം നടത്തി അവതരിപ്പിക്കുന്ന ന്യൂ ജനറേഷൻ സിനിമകളിലെ രംഗങ്ങൾ താങ്കളെ വളരെയേറെ സ്വാധിനിച്ചിരിക്കുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ കഴിയാത്തപോലെ ഓരോ നിയതമായ കാര്യത്തിലും അതിന്റെതായ മുന്നൊരുക്കങ്ങളും പിന്നൊരുക്കങ്ങളും ഉണ്ടായിരുന്നു എന്നുള്ളത് ഞാനും താങ്കളും അടങുന്ന സമൂഹം സാക്ഷിയാണ്. ചരിത്രത്തെ നിഷേധിക്കുവാൻ താങ്കൾക്ക് കഴിയുന്നു എങ്കിൽ സ്വന്തമായ അന്വേഷണത്തിനും നിരൂപണങ്ങളെ വിമര്ശനധിഷ്ഠിതമായി പുറത്തെത്തിക്കാനും താങ്കൾക്ക് കഴിയണം. അനുസാരികമായ എകികരണങ്ങൾ അന്തലീനമായ ചിന്തകളിൽ പ്രതിഷ്ഠിക്കുന്ന താങ്കൾക്ക് മറ്റു ചിന്തകൾ അപ്രാപ്യമാണ്. പക്ഷെ നിരൂപണങ്ങൾക്ക് അതിന്റെതായ മാന്യത കാണിക്കുവാൻ കഴിയണം എന്നുള്ളതാണ് മുൻവഴക്കങ്ങൾ സൂചിപ്പിക്കുന്നത്

  ReplyDelete