Tuesday, December 25, 2018

കീഴ്‍വെണ്മണി കൂട്ടക്കൊല.

കീഴ്‍വെണ്മണി കൂട്ടക്കൊലക്ക് 50 വർഷം.
1968 ഡിസംബർ 25നു കീഴ്‍വെണ്മണി എന്ന ഗ്രാമത്തിലെ 44 ദളിതരെ (16 സ്ത്രീകൾ, 23 കുട്ടികൾ, 5 പുരുഷന്മാർ) ജീവനോടെ ജന്മിമാർ കത്തിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം ചേർന്ന് തങ്ങളുടെ അവകാശങ്ങൾ ഭൂജന്മിമാരോട് ചോദിച്ചതായിരുന്നു അവർ ചെയ്ത കുറ്റം.

അരനൂറ്റാണ്ട് പിന്നിട്ടു. രാജ്യം ഡിജിറ്റലായി. ഇന്നും ദളിതനായിരിക്കുക എന്നത് കുറ്റമാണ്. കർഷകനായിരിക്കുക എന്നത് കുറ്റമാണ്. അവകാശങ്ങൾ ചോദിക്കുക എന്നത് കുറ്റമാണ്. സമയം മാത്രമേ അരനൂറ്റാണ്ട് പിന്നിട്ടുള്ളു. നമ്മൾ കീഴ്‍വെണ്മണിയിൽ തന്നെയാണ്. നമ്മുടെ ചരിത്ര പുസ്തകങ്ങൾക്ക് പോലും അന്യമാണ് കീഴ്‍വെണ്മണി. കാരണം കീഴവെണ്മണി ചരിത്രമല്ല വർത്തമാനമാണ്.

പശുവിൻറെ പേരിൽ പോലും കീഴ്‍വെണ്മണികൾ ആവർത്തിക്കുന്ന രാജ്യത്ത് ഡിസംബർ 25 അറിയപ്പെടേണ്ടത് ഒരാളുടെ ജനനംകൊണ്ടല്ല  മറിച്ചു വെന്തുരുകിയ 44 ദളിതരുടെ പേരിലാവണം.






Wednesday, May 23, 2018

ബോട്ടിംഗ്-കുട്ടമ്പുഴ.



എറണാകുളം ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്താണ് കുട്ടമ്പുഴ. കോതമംഗലത്തു നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് കുട്ടമ്പുഴയിലേക്ക്. ഭൂതത്താന്‍കെട്ടു ഡാമിന്റെ സംഭരണ പ്രദേശത്തു വന്നു ചേരുന്ന പെരിയാര്‍ നദിയുടെ ഒരു കൈവഴിയിലാണ് കുട്ടമ്പുഴ സ്ഥിതി ചെയ്യുന്നത്. പുലിമുരുഗന്‍ സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍ എല്ലാം ഇവിടെ തന്നെയാണ്. തട്ടേക്കാട്‌ നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുട്ടമ്പുഴയില്‍ എത്തിപെടാം.പശ്ചിമഘട്ടത്തിൽ സാധാരണയുള്ളതുപോലെ നിമ്നോന്നതങ്ങളായ ഭൂപ്രകൃതിയാണ് കുട്ടമ്പുഴയിലും. കുട്ടമ്പുഴയില്‍ ഭൂതത്താന്‍കെട്ടു ഡാമിന്റെ സംഭരണപ്രദേശത്തു കൂടി നടത്തിയ ഒരു ബോട്ടിംഗ് അനുഭവങ്ങളാണ് ഈ വീഡിയോയില്‍. VKJ International Hotel ആണ് ഈ ബോട്ടിംഗ് ഒരുക്കിയിരിക്കുന്നത്. ഇരുവശത്തും തിങ്ങി നില്‍ക്കുന്ന കാടാണ്. ഈ പച്ചപ്പിനു നടുവിലൂടെ ഒരു ഓപ്പണ്‍ ബോട്ടില്‍ ഒരു മണിക്കൂറോളം പച്ചപ്പും പെരിയാറും മതിവരോളം ആസ്വദിക്കാം. എത്തിച്ചേരാനുള്ള വഴി- കോതമംഗലം, തട്ടേക്കാട് വഴി. അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ആലുവ, അങ്കമാലി(60 കി.മി) സമീപ സ്ഥലങ്ങള്‍. 1-തട്ടേക്കാട് - ഡോ. സാലിം അലി പക്ഷിസങ്കേതം 2-ഭൂതത്താന്‍കെട്ടു ഡാം. 3-ഇടമലയാര്‍ 4-പിണവൂർകുടി 5- ഇഞ്ചത്തൊട്ടി തൂക്കുപാലം കൂടുതല്‍ ട്രാവല്‍ വ്ലോഗുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. യൂട്ടൂബ് ചാനല്‍ Subscribe ചെയ്യുക.


തട്ടേക്കാട്‌ പാലം

ചങ്ങാടം

പെരിയാര്‍

യമഹ


Thursday, March 22, 2018

വായന-ബ്രിഡ

ബ്രിഡയെന്ന സുന്ദരിയായ ഇരുപത്തൊന്നു വയസ്സുള്ള ഐറിശുകാരിയുടെ കഥയാണിത്. പൌലോ കൊയ്ലോയുടെ ഒരു തത്വശാസ്ത്ര-കാല്പനിക നോവലാണ്‌ ബ്രിഡ. അലക്ഷ്യമായ ജീവിതരീതി തന്നെയാണ് അവളെ സ്വയം അറിയാന്‍ പ്രേരിപ്പിക്കുന്നത്. അതിനായി അവള്‍ മാജിക്കിന്റെ മാര്‍ഗം തിരഞ്ഞെടുക്കുന്നു. മാജിക്കിനോടുള്ള അവളുടെ അടങ്ങാത്ത ദാഹം അവളെ കൊണ്ടെത്തിക്കുന്നത് ആവേശകരവും അസ്വസ്തവുമായ സഞ്ചാരപഥങ്ങളിലേക്കാണ്.

ബ്രിഡ മാജിക്കിന്റെ പാഠങ്ങള്‍ പഠിക്കാന്‍ ആദ്യം എത്തിപെടുന്നത് മഗസ് എന്ന മന്ത്രവാദിയുടെ അടുക്കലാണ്. വനത്തില്‍ തനിച്ചു താമസിക്കുന്ന,  ഏകാന്തതയെ ആഘോഷമാക്കുന്ന ആളാണ്‌ മഗസ്.സൂര്യപാരമ്പര്യത്തിലൂടെയാണ് അദ്ദേഹം  മാജിക്കിന്റെ ലോകത്തെ പരിചയപെടുത്തുന്നത്. ബ്രിഡയെ കണ്ടപ്പോള്‍ തന്നെ തന്റെ ആത്മപങ്കാളിയാണ് മുന്നില്‍ നില്‍കുന്നതെന്നു മാഗസിനു മനസ്സിലാക്കാന്‍ കഴിയുന്നു. എന്നാല്‍ അവളേക്കാള്‍ ഇരട്ടി പ്രായം തനിക്കുണ്ടെന്നും അദ്ദേഹത്തിനു നല്ല ബോധവുമുണ്ട്. എന്നാല്‍ ബ്രിഡയെ ഒരു പാറപ്പുറത്ത് തനിച്ചാക്കി മഗസ് അപ്രത്യക്ഷനാവുന്നു. ഇതവളെ ചൊടിപ്പിക്കുന്നു. അങ്ങനെ അവള്‍ മറ്റൊരു ഗുരുവിനെ കണ്ടെത്തുന്നു. വിക്ക എന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീ. അവര്‍ ചന്ദ്രപാരമ്പര്യത്തിന്റെ വക്താവാണെന്നു അവകാശപെടുന്നു.

ഈ ലോകത്തിന്റെ അദൃശ്യമായ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാന്‍ പഠിപ്പിക്കുകയായിരുന്നു വിക്ക. എന്നാല്‍ ബ്രിഡയെ തന്റെ ശിഷ്യയാക്കുമ്പോള്‍ മറ്റൊരു ദുരുദ്ദേശം കൂടിയുണ്ടായിരുന്നു വിക്കക്ക്. തന്റെ മുന്‍ കാമുകനായ മഗസ് എന്തുകൊണ്ടായിരിക്കണം ബ്രിഡയെ ശിഷ്യയായി സ്വീകരിക്കാതിരുന്നത് എന്നറിയാനായിരുന്നു അത്. എന്നാല്‍ അത് കണ്ടെത്താന്‍ വിക്കക്ക് ആകുന്നില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ് എന്നും നിഗൂഢതകളായി തുടരുക തന്നെ ചെയ്യും.

ജീവിതത്തെക്കുറിച്ചും, ആത്മപങ്കാളിയെക്കുറിച്ചുമുള്ള അന്വേഷണങ്ങളാണ് ബ്രിഡയുടേത്. എല്ലാവരുടെയും അങ്ങനെ തന്നെ. അവളതിനു തിരഞ്ഞെടുത്ത മാര്‍ഗം മാജിക്കാണ്. നമ്മളും പല വഴിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതും അതൊക്കെ തന്നെയാണ്. ചിലര്‍ക്ക് ലക്ഷ്യത്തെ കുറിച്ച് ബോധമില്ലെന്നു മാത്രം. മറ്റുചിലര്‍ സൗകാര്യപൂര്‍വ്വം ലക്ഷ്യത്തെ മറക്കുന്നു. ഒരേ ആത്മാവും വിത്യസ്തമായ ശരീരങ്ങളും തമ്മിലുള്ള ഒത്തുചേരല്‍ തന്നെയാണ് കഥയുടെ ഇതിവൃത്തം. സ്നേഹിക്കുകയാണ് എന്ന വിശ്വാസത്തോടെ സ്നേഹിക്കാനാണ് കൊയ്ലോ പറയാതെ പറയുന്നത്.

അവസാനം ബ്രിഡയെ ഒരു ധര്‍മ്മസങ്കടത്തിലേക്ക് എഴുത്തുകാരന്‍ തള്ളിയിടുന്നു. തന്റെ ആത്മപങ്കാളിയില്‍ മാത്രം കാണുന്ന കണ്ണുകളിലെ പ്രകാശം ബ്രിഡ തന്റെ ഗുരുവിലും  തന്റെ കാമുകന്‍ ലോറന്‍സിലും ഒരുപോലെ കാണുന്നു. എന്നാല്‍ ഇവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ ബ്രിഡക്ക് കഴിയുന്നില്ല.

അനേകം വരുന്ന ആത്മപങ്കാളികളില്‍ രണ്ടുപേര്‍ മാത്രമാണ് മഗസും ലോറന്‍സുമെന്നു ബ്രിഡ മനസ്സിലാക്കുന്നു. എല്ലാവര്‍ക്കും തന്നോടൊപ്പം എന്നും ഉണ്ടാവാന്‍ കഴിയില്ലെന്നും, ചിലര്‍ നമ്മുടെ ജീവിതത്തിലെ ചില അദ്ധ്യായങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം വിട പറയേണ്ടവരാണെന്നുമുള്ള ബോധം വൈകിയാണെങ്കിലും ബ്രിഡയെ തേടിയെത്തുന്നു.

ആത്മപങ്കാളി എന്ന ആശയവും പുനര്‍ജന്മ സിദ്ധാന്തങ്ങളും കൊണ്ട് വാര്‍ത്തെടുത്തതാണ് ബ്രിഡയിലെ ഓരോ കഥാപാത്രങ്ങളും. ഓരോ മനുഷ്യന്റെയും പൂര്‍ണ്ണതയിലേക്കുള്ള ദാഹമാണ് സ്നേഹത്തിലേക്കും ആത്മപങ്കാളിയിലേക്കുമുള്ള ദാഹം. മന്ത്രവാദത്തിന്റെയും പുനര്‍ജന്മത്തിന്റെയുമെല്ലാം സിദ്ധാന്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആത്മപങ്കാളി എന്ന ആശയത്തെ സാധൂകരിക്കാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍ താന്‍ ജന്മം നല്‍കിയ ഓരോ കഥാപാത്രങ്ങളിലൂടെയും.

പൌലോ കൊയ്ലോയുടെ ഈ നോവലിനെ തത്വശാസ്ത്ര-കാല്പനികതയായി തരാം തിരിക്കാം. അവ നമ്മെ അഗാധമായി ചിന്തിപ്പിക്കുന്നു. അവ നമ്മുടെ അവബോധങ്ങളെ ഉണര്‍ത്തുന്നു. അവ നമ്മുടെ വിജ്ഞാനമണ്ഡലത്തെ വിശാലമാക്കുന്നു. അവ നമ്മെ വൈവിധ്യമാര്‍ന്ന ജീവിത സാഹചര്യങ്ങളിലേക്ക് തള്ളിയിടുന്നു.

കഥാപത്രങ്ങളുടെ മുന്‍ ബന്ധങ്ങളും ഇപ്പോഴത്തെ ബന്ധങ്ങളും കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നത്. അവയൊന്നു കെട്ടഴിച്ചു ഇടക്കുമ്പോള്‍ അറിവിനും സ്നേഹത്തിനുമായുള്ള തിരച്ചിലുകള്‍ യതാര്‍ത്ഥ ജീവിതത്തിലെന്നപോലെ ഈ കഥയിലും പരസ്പരം കെട്ടുകൂടി കിടക്കുന്നവയാണെന്ന് മനസ്സിലാകും. മനുഷ്യത്വത്തിലേക്ക് നയിക്കുന്ന നിര്‍വചനീയമല്ലാത്ത ഒരു ഊര്‍ജമാണ് സ്നേഹം.

Sunday, October 22, 2017

വായന - നൈൽ ഡയറി

എസ് കെ പൊറ്റക്കാടിനും അദ്ദേഹത്തിന്റെ യാത്രകൾക്കും കൂടുതൽ ആമുഖങ്ങൾ നൽകേണ്ടതില്ലല്ലോ.
1949 ൽ നടത്തിയ ഒരു യാത്രയാണ് 'നൈൽ ഡയറി' എന്ന ഈ പുസ്തകത്തിലൂടെ അദ്ദേഹം വിവരിക്കുന്നതെന്ന് വിശ്വസിക്കാൻ നമുക്കാവുന്നില്ല. ഇന്ന് നമ്മോടൊപ്പം യാത്രചെയ്യുന്ന ഗ്രന്ഥകാരനെ പോലെയാണ് എസ് കെയുടെ അവതരണം അദ്ദേഹത്തിന്റെ ആവിഷ്കരണ ശൈലി  ഇന്നും വ്യത്യസ്തമായി തന്നെ നിലനിൽക്കുന്നു.
നൈൽ നദിക്കരയിൽ അദ്ദേഹം കാണുന്ന മൃഗങ്ങൾക്ക് അദ്ദേഹത്തിന്റേതായ ഒരു വിശേഷണം കൂടി ചാർത്തി കൊടുക്കുന്നുണ്ട്. ഈ നർമ്മമാധുര്യം കൊണ്ട് തന്നെയാകാം എസ്.കെ യുടെ സഞ്ചാരസാഹിത്യകൃതികൾ മികച്ച വായനാനുഭവം സമ്മാനിക്കാനാവുന്നത്.
നൈലൊരു മഹാകാവ്യമാണെന്ന് സൂചിപ്പിച്ചുകൊണ്ട് തുടങ്ങി സൃഷ്ടികാലം മുതൽ നൈയിലിന്റെ ഭൂതകാലവും വർത്തമാനവും ഭാവിയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരുക്കിയ ആമുഖത്തിൽ കരയിൽ വിഹരിക്കുന്ന വിചിത്രജന്തുക്കളെയും തന്റെ സ്വതസിദ്ധമായ ഭാവനയിൽ വാക്കുകൾ കൊണ്ട് വരച്ചിടാൻ എസ് കെ പൊറ്റക്കാടിനു സാധിക്കുന്നു.
നെയിൽ ഒരു മഹാകാവ്യം ആണെന്ന സത്യം വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് ആമുഖത്തിന് അദ്ദേഹം വിരാമം കുറിക്കുന്നു.
നൈയിലെന്നത് ഒരു നാടകശാലയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരൻ നൈയിലിന്റെ ഉത്ഭവസ്ഥാനമായ റിപ്പൺ വെള്ളച്ചാട്ടത്തിലേക്ക് 1949
നവംബർ 9 നു യാത്ര തുടങ്ങുന്നു. നൈയിൽ എന്ന നാടകത്തിന്റെ പ്രഥമ രംഗം ഇവിടെ തുടങ്ങുന്നു. വിക്ടോറിയസരസ്സ് നൈൽ നദിയെ പ്രസവിക്കുന്ന ആ കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. ആ ദൃശ്യവിരുന്ന് തന്റെ വാക്കുകളിലൂടെ എഴുത്തുകാരൻ നമുക്ക് കാണിച്ചു തരുന്നു.. അത്രമേല്‍ ലൈവായ അവതരണം.

റിപ്പണ്‍ വെള്ളച്ചാട്ടത്തിനു ശേഷം ഏകദേശം മൂന്നു മൈല്‍ സഞ്ചരിക്കുന്ന നദി വീണ്ടുമൊരു വെള്ളച്ചാട്ടത്തിനു കൂടി ജന്മം നല്‍കുന്നു. ഓവന്‍ വെള്ളച്ചാട്ടം. അഴകുകൊണ്ട് റിപ്പണ്ണേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതായി പറയുന്നു. പക്ഷെ ആ മനം കവരുന്ന കാഴ്ചകള്‍ക്കൊന്നും വലിയ അയുസ്സുണ്ടായില്ല. പരിഷ്കൃത മനുഷ്യന്‍റെ സംസ്കാരപരമായ സംഹാരപ്രിയത്വം ഈ വെള്ളച്ചാട്ടത്തിനരികെ ഒരു വമ്പന്‍ അണകെട്ടുകെട്ടി ഇരു വെള്ളച്ചാട്ടങ്ങളെയും വെള്ളത്തില്‍ മുക്കി കൊന്നുകളഞ്ഞു. എസ് കെ യെ പോലുള്ള ഒരു കൂട്ടം  ഭാഗ്യശാലികളുടെ വാക്കുകളിലൂടെ മാത്രമേ ഇനി നമുക്കവയെ നോക്കി കാണാൻ  സാധിക്കു. ഇനി വരാനിരിക്കുന്ന തലമുറകള്‍ക്ക് നമ്മുടെ അതിരപ്പിള്ളിയും വാക്കുകളിലൂടെ മാത്രം കാണാന്‍ സാധിക്കുന്ന ഒന്നാക്കി മാറ്റരുതേ എന്നു അപേക്ഷിക്കുകയാണ്.

ഉഗാണ്ടയുടെ ഒരു കോണില്‍ ഒളിച്ചുകിടക്കുന്ന മര്‍ച്ചിസണ്‍ വെള്ളച്ചാട്ടം കാണാനായി കപ്പലില്‍ കേറിപറ്റാന്‍ ശ്രമിക്കുന്ന കഷ്ടപാടുകള്‍ ചെറുതൊന്നുമല്ല. ഒരു ഉത്തരേന്ത്യനില്‍ നിന്നും കറുത്ത മദിരാശിക്കാരനായത് കൊണ്ടുണ്ടാകുന്ന തിക്താനുഭവങ്ങളാല്‍ സ്വയം ലജ്ജിച്ചു  തലതാഴ്ത്താനെ  അദ്ധേഹത്തിനു കഴിയുന്നുള്ളൂ.ഇന്ത്യക്കാര്‍ തമ്മില്‍ പുലര്‍ത്തുന്ന ഗൂഡമായ പ്രാദേശിക മനോഭാവവും, ആയിത്തവുമെല്ലാം സ്വന്തം ഉള്ളിലെ ഇന്ത്യക്കാരൻ എന്ന അഭിമാനം ചീഞ്ഞു നാറുന്നതായി അദ്ദേഹത്തിനു തോന്നി.

ജുബയിലെ തന്റെ ദിവസങ്ങളിൽ എസ്‌. കെ താമസിച്ചിരുന്നത്  അവാദ്‌ അബ്ദുള്ള എന്ന അറബിയുടെ അതിഥിയായിട്ടാണ്. തന്റെ നിലക്കും വിലക്കും ചേർന്ന മനുഷ്യരോടുള്ള ഇടപഴലുകളിൽ നിന്നും മനുഷ്യത്വത്തിന്റെ അജ്ഞാതവശങ്ങളെപറ്റി  നമുക്ക്‌ മതിപ്പു തോന്നുമ്പോഴും അപരിഷ്‌കൃതരായുള്ള കാപ്പിരികളെയൊന്നും മനുഷ്യരായി കാണാൻ പോലും എസ്‌ കെയുടെ അതിവിശാലമായ മനുഷ്യത്വബോധത്തിനു പോലും കഴിഞ്ഞിരുന്നില്ല.

നൈയിൽക്കരയെ ഒരു നാടകശാലയോടാണ് ഉപമിച്ചിരിക്കുന്നത്‌. നർമ്മമാധുരവും ഭാവനാസുരഭിലവുമായ ആവിഷ്‌കരണ രീതി എസ്‌ കെയുടെ സഞ്ചാരസാഹിത്യങ്ങൾക്കു മാത്രം അവകാശപെടാനുള്ളതാണ്. നൈയിലെന്ന നാടകം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

Sunday, July 2, 2017

വായന- ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ

"ഹിമാലയം" എന്നും എന്നെ നിരന്തരമായി വിസ്മയിപ്പിച്ചിട്ടും, കൊതിപ്പിച്ചിട്ടുമുള്ള ഒരു പ്രതിഭാസമാണ്. ഹിമാലയം എന്ന വികാരം എന്നുമുതലാണെന്നോ, എങ്ങനെയാണെന്നോ എന്നില്‍ ഇത്രമേല്‍ സ്വാധീനം ചെലുത്തിയത് എന്നറിയില്ല. ഹിമാലയന്‍ യാത്രാവിവരണം എന്ന  ടാഗ് കണ്ടപ്പോള്‍ മറ്റൊന്നും നോക്കാതെ എം.കെ രാമചന്ദ്രന്‍റെ "ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ" എന്ന പുസ്തകം വായനക്കായി തിരഞ്ഞെടുത്തപോള്‍ ഉണ്ടായിരുന്ന പ്രതീക്ഷകള്‍  ഹിമാലയത്തേക്കാള്‍ വലുതായിരുന്നു എന്നതില്‍ ഒട്ടും അതിശയോക്തിയില്ല.


ഗ്രന്ഥകാരന്‍റെ ഹിമാലയ യാത്ര ആധ്യാത്മിക കേന്ദ്രങ്ങളും സന്യാസിമാരെയും ഒക്കെ തേടിയുള്ള ഒരു തീര്‍ഥാടനയാത്ര മാത്രമായി ചുരുങ്ങുകയായിരുന്നു. ഹിമാലയ പർവതത്തിലൂടെയും താഴ്വരകളിലൂടെയുമുള്ള യാത്രകളിലെ സാഹസികതയോ, നിഗൂഡതകളോ, ഭയമോ, ഹിമപര്‍വതങ്ങളുടെ വശ്യമായ സൗന്ദര്യമോ, ഹിമാലയന്‍ ഗ്രാമങ്ങളിലെ സാംസ്‌കാരിക മാസ്മരികതായോ വായനക്കാരിലേക്ക് അതിന്‍റെ പൂര്‍ണ രൂപത്തില്‍ എത്തിക്കാന്‍ ഗ്രന്ഥകാരന്‍ സാധിക്കുന്നില്ല. ഒരു സഞ്ചാരി എന്നതിലുപരി കേവലമായ ഒരു തീര്‍ഥാടകന്‍ എന്നതിലേക്ക് ചുരുങ്ങി പോകുന്ന എഴുത്തുകാരനെയാണ് ഓരോ പേജിലും വായനക്കാരന്‍ കാണുന്നത്.

ആത്മീയത കുത്തിനിറക്കാന്‍ പാടുപെട്ടപ്പോള്‍ പുറത്തുപോയത് ഹിമാലയം എന്ന വികാരമാണെന്ന് എഴുത്തുകാരന്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒന്നാം പേജ് മുതല്‍ മുന്നൂറ്റിഅമ്പതാം പേജ് മറച്ചപ്പോഴും അടുത്ത പേജിലെങ്കിലും ഹിമാലയം എന്നെ വിസ്മയിപ്പിക്കും എന്നൊരു പ്രതീക്ഷ ഓരോ വായനക്കാരനും വച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ ആത്മീയതയുടെയും കേട്ടാല്‍ ദഹിക്കാത്ത കുറെ കെട്ടുകഥകളുടെയും അതിപ്രസരം എല്ലാ പ്രതീക്ഷളെയും അസ്ഥാനത്താക്കുന്നു.

തന്‍റെ തീര്‍ഥാടന യാത്രയില്‍ കടന്നുപോകുന്ന ഹിമാചല്‍‌പ്രദേശിലെ ചില ഹിമാലയന്‍ ഗ്രാമങ്ങള്‍ വാക്കുകളിലൂടെ വരച്ചിടാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നുണ്ട്. അവരുടെ ജീവിത രീതികളും, സംസ്കാരങ്ങളും, വിശ്വാസങ്ങളും ഒക്കെ പറയുമ്പോഴും അവരുടെ കെട്ടുകഥകള്‍ക്കെല്ലാം ശാസ്ത്രീയ പരിവേഷം കൊടുക്കുന്നത് ഒരു കല്ലുകടിയായി.

മനുഷ്യയുക്തിക്ക് നിരക്കാത്ത പല അത്ഭുത അനുഭവങ്ങളും എഴുത്തുകാരന് യാത്രയില്‍ ഉടനീളം ഉണ്ടാവുന്നുണ്ട്. ഹിമാലയ പാതകളില്‍ വഴിതെറ്റുന്ന എഴുത്തുകാരനും കൂട്ടര്‍ക്കും വഴികാട്ടാന്‍ എത്തുന്നത് കാക്കയും, നായയും, വൃദ്ധനുമൊക്കെയാണ്. ആധുനിക സാങ്കേതിക വിദ്യയായ GPS നേക്കാളും എന്തുകൊണ്ടും മികച്ചതാണ് കാക്കയുടെ സാങ്കേതിക വിദ്യ എന്നു ഗ്രന്ഥകാരന്‍ അവകാശപെടുന്നു.

വളര്‍ത്തുമൃഗങ്ങളില്‍ നായയെന്ന പോലെ പറവകളില്‍ കാക്കയും അതിപുരാതന കാലം മുതല്‍ക്കുതന്നെ മനുഷ്യരുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിവരുന്ന ജീവികളാണ് എന്ന ഗ്രന്ഥകാരന്‍റെ നിരീക്ഷണത്തോട് പൂര്‍ണമായി യോജിക്കുന്നു. മനുഷ്യനുമായി ഇത്രമേല്‍ ബന്ധം പുലര്‍ത്തിയിട്ടും കാക്കക്ക് അതിന്‍റെ പരിഗണന വകവച്ചു കൊടുക്കുന്നുണ്ടോ എന്നത് പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഒരു പക്ഷെ കക്കയുടെ കറുത്ത നിറമായിരിക്കും അതിനു കാരണം. വര്‍ണാശ്രമ അധര്‍മ്മങ്ങളെ പൂര്‍ണമായി നമ്മുടെ സിരകളില്‍ നിന്നും ശുദ്ധീകരിക്കാന്‍ കഴിയാത്തതാവാം.

അധ്യാത്മികതയും, മനുഷ്യ യുക്തിക്ക് നിരക്കാത്ത അത്ഭുതപ്രതിഭാസങ്ങളും, സന്യാസി കെട്ടുകഥകളും ദഹിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം നല്ലൊരു വായനാനുഭവം തന്നേക്കാം. മറിച്ചു യാത്രകളും, ഹിമാലയവും ഒക്കെയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ നിങ്ങളെ തീര്‍ച്ചയായും ഈ പുസ്തകം നിരാശപ്പെടുത്തും.

പുസ്തകത്തിന്‍റെ നൂറോളം പേജുകള്‍ അനുബന്ധങ്ങളാണ്. ഒന്നാം അനുബന്ധം ഗംഗയുടെ അജ്ഞാത ഉറവിടം തേടിപോയി ഗന്ധര്‍വലോകത്ത് എത്തിപെടുന്ന ഒരു അനുഭവമാണ്. പണ്ട് ബാലരമയിലും ബാലമംഗളത്തിലും പ്രസിദ്ധീകരിച്ചിരുന്ന ഗന്ധര്‍വകഥളുടെ സ്മരണകളിലേക്ക് കൊണ്ടുപോയി എന്നത് ഞാന്‍ മറച്ചുവക്കുന്നില്ല. എഴുത്തുകാരന്‍റെ ഹിമാലയ യാത്രകളുടെ വിശദീകരണം എന്ന പേരില്‍ എഴുതി കൂട്ടിയ അമ്പതോളം പേജുകളില്‍ ഗ്രന്ഥകാരനെ വിമര്‍ശിച്ച ഒരു വ്യക്തിക്കുള്ള മറുപടിയാണ്. വിമര്‍ശകര്‍ക്ക് മുഴുവന്‍ പുസ്തകങ്ങളിലൂടെ മറുപടി കൊടുക്കാന്‍ ഒരുങ്ങിയാല്‍ നമ്മുടെ എഴുത്തുകാര്‍ക്ക് എത്രെയെത്ര പുസ്തകങ്ങള്‍ പുറത്തിറക്കേണ്ടി വരും?

Monday, January 9, 2017

സ്വാശ്രയ എന്‍ജിനീറിങ്ങ് കോളേജ്ജ് ഇങ്ങനെയൊക്കെയാണ്.

സ്വാശ്രയ എന്‍ജിനീറിങ്ങ് കോളേജിലെ ഭീകരത ഇന്നലെ നെഹ്‌റു കോളേജില്‍ തുടങ്ങിയതല്ല, മറിച്ചു അത് സ്വശ്രയ കോളേജ്ജുകള്‍ ആരംഭിച്ചതുമുതല്‍  മുതല്‍ അവിടെ നിലനില്‍ക്കുന്നതും, ഇന്നും പതിനായിരക്കണക്കിനു വരുന്ന വിദ്യര്‍ത്ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. ശാസ്ത്ര മേളകളിലും പഠനത്തിലും തിളങ്ങി നിന്നൊരു നക്ഷത്രത്തെ കഴിഞ്ഞ ദിവസം മേല്‍ പറഞ്ഞ ഭീകരത ഇല്ലാതാക്കി.  ശത-കോടി നക്ഷ്ത്രങ്ങളുള്ള ഈ പ്രപഞ്ചത്തിനു അതൊരു നഷ്ടമാല്ലായിരിക്കാം. പക്ഷെ സൂര്യന്‍റെ വെളിച്ചമില്ലാത്ത ഭൂമിയെക്കുറിച്ചോന്നോര്‍ത്തു നോക്കു. അത് തന്നെയല്ലേ ആ കുടുംബത്തിന്‍റെയും അവസ്ഥ.


“എല്ലാം വിദ്യര്‍ത്ഥികളുടെ നല്ലഭാവിക്ക് വേണ്ടിയല്ലേ” എന്നൊരു ന്യായീകരണവും കൂടിയാകുമ്പോള്‍ ഇത്തരം മാനേജ്മെന്‍റല്‍ ഭീകരതക്ക് ഊര്‍ജ്ജം കൂടുന്നു. നെഹ്‌റു ‘കോളേജ്ജ്’ എന്നാണോ നെഹ്‌റു കൊള്ളസംഗം എന്നാണോ മുന്നില്‍ തൂക്കിയ ബോര്‍ഡെന്നത് പുനര്‍പരിശോധിക്കേണ്ട ഗതികേടിലാണ് അവിടെ  പഠിക്കുന്ന വിദ്യര്‍ത്ഥികളുടെയും അധ്യാപകരുടേയും ‘ഇടിമുറികളെക്കുറിച്ചുള്ള’ വെളിപെടുത്തലുകള്‍. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും ഒരല്‍പം മനുഷ്യാവകാശങ്ങള്‍ അവര്‍ അര്‍ഹിക്കുന്നു.

നല്ലൊരു ഉദ്ദേശത്തോടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇടം പിടിച്ച ഇന്‍റേണല്‍ മാര്‍ക്ക്‌ എന്ന സംവിധാനം പരമാവധി ദുരുപയോഗം ചെയ്താണ് ഇത്തരം ഭീകരര്‍ വിദ്യര്‍ത്ഥി സമൂഹത്തെ ഒന്നടങ്കം അടിമപെടുത്തിയിരിക്കുന്നത്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നടക്കാത്തവരുടെ ഭാവി തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന ആയുധമാക്കി ഇന്‍റേണല്‍ മാര്‍ക്ക്‌ സംവിധാനത്തെ പുനര്‍നിര്‍വചിച്ചു കഴിഞ്ഞു ഈ സെല്‍ഫ് ഫൈനാന്‍സിങ്ങ് ഭീകരത.

വിദ്യാര്‍ഥികളുടെ അച്ചടക്കത്തിനു വേണ്ടിയെന്ന പേരില്‍ പിഴിയുന്ന ഫൈന്‍ സംവിധാനത്തിലൂടെ മാനേജ്മെന്‍റിന്‍റെ കൈകളിലേക്കെത്തുന്ന തുക അതിശയിപ്പിക്കുന്നതാണ്. അതിനേക്കാള്‍ അതിശയിപ്പിക്കുന്നതാണ് ഫൈന്‍ ഈടാക്കുന്ന കുറ്റകൃത്യങ്ങളുടെ ലിസ്റ്റ്. സ്വതന്ത്ര ഇന്ത്യയില്‍ തന്നെയാണോ ജീവിക്കുന്നത് എന്നതില്‍ സംശയം തോന്നുമെന്നത് ഒട്ടും അതിശയോക്തിയില്ല. ഹെല്‍മെറ്റ്‌ ധരിക്കാതെ എത്തുന്നവരോട് പിഴ വാങ്ങന്‍ ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്?

സ്വാശ്രയ എന്‍ജിനീറിങ്ങ് കോളേജ്ജുകളില്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ നടക്കുന്നു എന്ന് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്രനാളും നാളും നിങ്ങള്‍ എവിടെയായിരുന്നു? ഇത്തരം വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി വിദ്യര്‍ത്ഥികള്‍ ദ്രിശ്യമാധ്യമങ്ങളള്‍ക്ക് മൈലുകള്‍ അയച്ചപ്പോള്‍ “സൈബര്‍ അറ്റാക്ക്‌” എന്ന് അധിക്ഷേപിച്ചും വിദ്യര്‍ത്ഥികളെ കരി വാരി തേച്ചുമാണ് മുത്തശി ചാനലുകളിലെ ‘പ്രമുഖ’ (ഇത് നിങ്ങളുടെ ഭാഷയാണ്‌)  അവതാരകര്‍ പോലും ഇതിനോട്‌ പ്രതികരിച്ചത്. ഇരകളുടെ മനുഷ്യാവകാശത്തേക്കാള്‍ പ്രതികളുടെ മനുഷ്യാവകാശങ്ങള്‍ക്കാണല്ലോ നവ ദ്രിശ്യമാധ്യമ സംസ്കാരത്തില്‍ റേറ്റിങ്ങ് കൂടുതല്‍.

പേരിനൊപ്പം ടെക്നോളജി (സാങ്കേതികം) എന്ന് സ്വയം ചേര്‍ക്കുന്ന കോളേജുകളില്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ കുതിച്ചുചാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മൊബൈല്‍ഫോണ്‍ നിരോധിക്കുന്നതിലും വലിയ വിരോധാഭാസം വേറെയില്ല.
കള്ളപ്പണം തടയാന്‍ പണം തന്നെ നിരോധിച്ച പ്രധാനമന്ത്രിയുടെ നാടാണ്‌. മൊബൈല്‍ഫോണ്‍ കൊണ്ടുള്ള ദുരുപയോഗങ്ങള്‍ തടയാന്‍ മൊബൈല്‍ഫോണ്‍ തന്നെ നിരോധിക്കുന്നതും മേല്‍ പറഞ്ഞതിനോട് തന്നെ ഉപമിക്കാം. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നവ സൈബര്‍ സംസ്കാരം വിദ്യര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് കലാലയങ്ങള്‍ ചെയ്യേണ്ടതും.

ഇതിനെതിരെയെല്ലാം പ്രതികരിക്കാനുള്ള അവകാശങ്ങളെല്ലാം തല്ലിക്കെടുത്തിക്കൊണ്ട് സ്വാശ്രയ എന്‍ജിനീറിങ്ങ് കോളേജ്ജുകളില്‍ നിന്നും രാഷ്ട്രീയത്തെയും, വിപ്ലവങ്ങളെയും, സര്‍ഗ്ഗാത്മകതയേയും പടിയടച്ചു പിണ്ഡം വച്ചപ്പോള്‍ എഞ്ചിനീയറാവാന്‍ നമ്മളയച്ച നമ്മുടെ മക്കള്‍ തണുത്ത് മരവിച്ച് ശവശരീരങ്ങളായി തിരിച്ചെത്തിയിരിക്കുന്നു.

                                       ത്വല്‍ഹത്ത് ഇഞ്ചൂര്‍


ഒരു കോളേജിലെ ഫൈന്‍ വിവര പട്ടിക. 

Saturday, August 1, 2015

കരയും കടലും-ഒരു ചുംബനസമരം





















കരയെ പ്രണയിക്കുന്ന കാമുകനാണ് കടല്‍.
അവരുടെ പ്രണയത്തിനു ആദാമിന്‍റെയും 
ഹവ്വയുടെയും പ്രണയത്തേക്കാള്‍ പഴക്കമുണ്ടാവും. 
ഒരു പക്ഷെ ഈ പ്രപഞ്ചത്തിന്‍റെ ജനനത്തോളം
കാലപ്പഴക്കമുള്ള ഒരു പരിശുദ്ധ പ്രണയം.
കടലിനെ പോലൊരു കാമുകനെ
കിട്ടാന്‍ കരയെന്ത് പുണ്യമാണോ ചെയ്യുന്നത്.
അവര്‍ക്ക് സൗന്ദര്യ പിണക്കങ്ങളില്ല.
ആ ബന്ധമിതു വരെ ബ്രേക്കപ്പുമായിട്ടില്ല.
കടലിന്‍റെ ചുണ്ടുകളാണ് തിരമാലകള്‍.
തിരകള്‍ കരയെ ചുംബിക്കാനാണ്
കരയിലേക്ക് അടിച്ചു കേറുന്നത്.
തന്‍റെ കാമുകിയെ ചുംബിച്ചു കഴിഞ്ഞാല്‍-
ആ ചുണ്ടുകള്‍ തിരികെ പോരുന്നു.
വീണ്ടും ചുണ്ടുകള്‍ പ്രിയതമയെ 
മാത്രം ലക്ഷ്യമാക്കി അവളിലേക്ക് 
അടുക്കുന്നു, ചുംബിക്കുന്നു.
ഇതാണ് ലോകത്തിലെ ഏറ്റവും
വലിയ ചുംബന സമരം.
ഒരു സദാചാരക്കുരുവും അവടെ
പൊട്ടിയതുമില്ല.
ഒരു പകല്‍ മാന്യനേയും ഭയക്കാതെ,
കടല്‍ തന്‍റെ കാമുകിയെ രാവും,
പകലും ചുംബനങ്ങളാല്‍ വീര്‍പ്പുമുട്ടിക്കുന്നു.

Friday, April 3, 2015

വെളിച്ചം പകരുന്ന ബോംബുകള്‍

ശാന്തത...
നിശബ്ദത...
ഒരു സൂചി താഴെവീണാല്‍ പോലും അറിയും.

ഇരുട്ട്..
ക്രൂരമായ ഇരുട്ട്.
അതി ക്രൂരമായ ഇരുട്ട്.
ഇരുട്ടെന്നാല്‍ അജ്ഞത, കറുപ്പ്, ശ്യൂന്യത???
കാല്പനികതയാണോ? “അറിയില്ല”

കരയുന്ന കണ്ണുകളെ ഒളിപ്പിക്കുന്ന ഇരുട്ട്.
ഹരിതതയുടെ പച്ചപ്പിനെ മറക്കുന്ന ഇരുട്ട്.
വിപ്ലവത്തിന്റെ ചുവന്ന ചോരതുള്ളികളെ മായ്കുന്ന ഇരുട്ട്.
മുഖംമൂടിധാരികളുടെ മുഖംമൂടികള്‍ പോലും മൂടുന്ന ഇരുട്ട്.

ഇരുട്ടിനൊരു ശബ്ദമുണ്ട്.
മനോഹരമായ ശബ്ദം.
ചിലര്‍ക്കത് ഭയാനകവുമാവം.

പെട്ടെന്നായിരുന്നു ഒരു ബോംബ്‌ പൊട്ടിയത്.
ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഒരു പ്രകാശം അവിടെ പരന്നു. അവിടെ കൂടിയവര്‍ പരസ്പരം തിരിച്ചറിയുന്നത് ബോംബിന്‍റെ വെളിച്ചത്തിലാണ്. അതെ വല്ലപ്പോഴും പൊട്ടുന്ന ബോംബുകളാണ് അവിടെ വെളിച്ചം പകരുന്നത്. നമ്മളും ആ വെളിച്ചത്തിലല്ലേ അങ്ങോട്ട്‌ നോക്കിയുള്ളു. ചാനലുകളുടെ ക്യാമറ കണ്ണുകളും ഈ വെളിച്ചത്തിലെ അങ്ങോട്ട്‌ പതിയാറുള്ളു.

നാലുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി വിളിച്ചു പറഞ്ഞു.
“ഉമ്മാ പൊരിച്ച ഇറച്ചീന്റെ മണം”.. അതെ മാംസത്തിന്റെ ഗന്ധമാണ്. കരിഞ്ഞ ഏതോ മനുഷ്യ മാംസത്തിന്റെ മണം. നമുക്ക് ഇപ്പോഴും അത് ഏതോ മനുഷ്യന്‍റെ മാംസം മാത്രമാണല്ലോ. എന്നാല്‍ ആ പെണ്‍കുട്ടിക്കോ?
കനലായി നിന്ന് എരിഞ്ഞു തീരുന്ന ആ മനുഷ്യന്‍ തന്‍റെ ഭാര്യക്ക് സമ്മാനിച്ച ഒരു തുള്ളി ബീജമായിരുന്നു അവള്‍. 




ഇരുളും തുരന്നു വന്ന ബോബുകള്‍ ലോകത്തിനു സമ്മാനിക്കുന്നത് മരിച്ച രക്തസാക്ഷികളെ മാത്രമല്ല, അനാഥരായി പോകുന്ന  ജീവിക്കുന്ന രക്തസാക്ഷികളെ കൂടിയാണ്.
കലാപങ്ങളും, യുദ്ധങ്ങളും തെരുവിലേക്ക് വലിച്ചെറിയുന്ന ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് വേണ്ടി ഈ അക്ഷരങ്ങളും കുറച്ചു കപടമാല്ലത്ത സഹതാപവും മാത്രം...

Tuesday, July 1, 2014

Let me live as I... pls



Life long i lived,
the life of another
for just one moment
let me live as I.

leave me alone to
leave as only I.
I dreamed for me but,
others too dreamed for me

i just started my journey
not to fullfill my dreams
but to make others
dreams reality.

(to be continued)

Wednesday, March 19, 2014

ബോബ് മാര്‍ലിയും, കഞ്ചാവ് മാഫിയയും, പിന്നെ ലഹരി തേടുന്ന യുവാക്കളും



ജമൈക്കന്‍ ഇതിഹാസ ഗായകന്‍, വിപ്ലവ ഗായകന്‍, എന്നെല്ലാം ലോകം ബോബ് മാര്‍ലിയെ വിശേഷിപ്പിച്ചപ്പോള്‍, ‘കഞ്ചാവ് മാഫിയയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍’ എന്നതാണ് കേരള പോലീസും, മലയാളികളും ബോബ് മാര്‍ലിക്ക് നല്‍കിയ പരമാവധി പദവി. ബൈബിള്‍ പ്രകാരം യേശുവിന്റെ ആദ്യത്തെ അമാനുഷിക പ്രവര്‍ത്തി കാനായിലെ വിവാഹ സല്‍ക്കാരത്തിനു പച്ചവെള്ളം വീഞ്ഞാക്കിയതാണ്. നാളെ കേരള പോലീസും, മലയാളികളും യേശുക്രിസ്തുവിനെ മദ്യ മാഫിയയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ എന്നും അഫ്ക്കാരി മൊതലാളിമാരുടെ ബിനാമി എന്നൊക്കെ വിശേഷിപ്പിച്ചാലും ഏലി... ഏലി... ലമ്മാ സബച്ഛതാനി (ദൈവമേ .. ദൈവമേ ... നീ എന്നെ കൈവിട്ടതെന്തേ..) എന്നുറക്കെ കരയാനെ യേശുവിനും കഴിയു.
 കുഞ്ഞു മനസ്സുകള്‍ ലഹരി തേടിയല്ല സിഗറെറ്റില്‍ തുടങ്ങി ചൂട്ടു വലിയിലേക്ക് എത്തുന്നത്. പണ്ടുമുതലേ സിഗറെറ്റ് വലി സ്കൂള്‍ കുട്ടികളില്‍ ഉള്‍പ്പടെ വളരെ സാധാരണം ആണെന്നിരിക്കെ ഇന്ന് കഞ്ചാവും അതിനേക്കാള്‍ വളരെ അപകടകരമായ പല ലഹരി ഉല്‍പ്പന്നങ്ങളും സ്കൂള്‍ കുട്ടികള്‍ അടങ്ങുന്ന യുവാക്കളില്‍ വളരെ സാധാരണം ആയിരിക്കുന്നു. ഇവരെ കഞ്ചാവിനെ അടിമയാക്കുന്നത് വിവിധ പ്രക്രിയയിലൂടെയാണ്. ഒരു സാധാരണ കുട്ടിയെ സംബന്ധിച്ച് കഞ്ചാവ് എന്നാല്‍ ആരോഗ്യത്തിനു ഹാനികരമായ ഒരു ലഹരി വസ്തു മാത്രമാണ്. അവനിലെ കൌമാരക്കാരന്‍ ഉടനെ സട കുടഞ്ഞു എണീക്കും. എന്താണ് കഞ്ചാവെന്നും അതിലൂടെ കിട്ടുന്ന ലഹരി എന്താണെന്നറിയാന്‍ അവന്റെ മനസ്സു പല വഴികളിലൂടെയും സഞ്ചരിക്കും. ഈ സഞ്ചാരത്തില്‍ അവനേക്കാള്‍ മുതിര്‍ന്നവരില്‍ നിന്നും കിട്ടുന്ന കഞ്ചാവിനെ കുറിച്ചുള്ള അറിവുകള്‍ താന്‍ മുന്പ് മനസ്സില്ലാക്കിയതില്‍ നിന്നും വിത്യസ്ഥമയിരിക്കും. കേരളത്തിലെ കഞ്ചാവ് മാഫിയയുടെ ഏറ്റവും വലിയ വിജയവും ഇവിടെയാണ്‌. ‘ആരോഗ്യത്തിനു ഹാനികരമായ ഒരു ലഹരിവസ്തു’ എന്നതില്‍ നിന്നും ‘പ്രകൃതിയുടെ ഒരു ഉത്പന്നം’ എന്ന് കഞ്ചാവിന്റെ നിര്‍വചനം യുവാക്കളുടെ മന്നസ്സുകളില്‍ പല മാധ്യമങ്ങളുടെ സഹായത്തോടെ മാറ്റി എഴുതപെടും.

ഇതിനായി ബോബ്മാര്‍ലിയുടെയും കഞ്ചാവ് ചെടിയുടെ ഇലയുടെയും ചിത്രം പതിച്ച ടി-ഷര്‍ട്ട്‌, കീചൈനുകള്‍, മാലകള്‍ എന്നിവയിലൂടെ കഞ്ചാവ് മാഫിയ അവരുടെ പരസ്യം നടത്തുന്നു. ഈ മാധ്യമങ്ങളില്‍ക്കൂടി അവര്‍ യുവാക്കളിലേക്ക്‌ നല്‍കുന്ന ചില സന്ദേശങ്ങള്‍ കഞ്ചാവിനോടുള്ള ആകര്‍ഷണത്തിനു കാരണമാവും. ഈ ആകര്‍ഷണമാണ് തനിക്ക് പരിചിതമല്ലാത്ത ഈ വസ്തു പരീക്ഷിച്ചു നോക്കാന്‍ യുവ മനസ്സുക്കള്‍ക്ക് പരോക്ഷമായി പ്രചോദനം കൊടുക്കുന്നത്. “കഞ്ചാവ് മനുഷ്യ നിര്‍മിതമല്ല, മറിച്ചു പ്രക്രതിദത്തമാണ്” ഇതാണ് കഞ്ചാവ് മാഫിയയും ഇതിന്റെ ഉപഭോക്താക്കളും ഒരേസ്വരത്തില്‍ യുവാക്കളിലേക്ക്‌ നല്‍കുന്ന സന്ദേശം. “പ്രക്രതി നിയമപരമാക്കിയത്, സമൂഹവും ഭരണ കൂടവും എന്തിനു നിയവവിരുദ്ധമാക്കിയെന്നും” ഇവര്‍ ചോദിക്കുന്നു. “മനുഷ്യന്‍ ഉണ്ടാക്കുന്ന മദ്യത്തേക്കാള്‍ സുരക്ഷിതമാണ് പ്രകൃതിയുടെ കഞ്ചാവ്.” ഈ ആപ്തവാക്യങ്ങള്‍ ബോബ് മാര്‍ലിയുടെ ഫോട്ടോയോടൊപ്പം പച്ച, മഞ്ഞ, ചുവപ്പ് ബാക്ക്ഗ്രൌണ്ടുകൂടിയായാല്‍ ഏതു ന്യു ജനറേഷന്‍ പയ്യന്മാരും ഒന്ന് നോക്കി പോകും. ഇതിന്റെയൊപ്പം കഞ്ചാവ് ചെടിയുടെ ഇല കൂടിയുണ്ടെങ്കില്‍ ഒരുവട്ടമെങ്കിലും നോക്കാതെ പയ്യന്മാരെല്ലാം കണ്ണ്പൊട്ടന്മാരാണ്.


ചില മുതിര്‍ന്ന യുവാക്കളില്‍ മാത്രം കണ്ടുവന്നിരുന്ന കഞ്ചാവ് ഉപയോഗം ഇന്ന് ഹൈസ്കൂള്‍ പയ്യന്മാരില്‍ വരെ സര്‍വസാധാരണമായിരിക്കുന്നതിനു ഉത്തരവാധികള്‍ ചില ന്യുജനറേഷന്‍ സിനിമസംവിധായകരുകൂടിയാണ്. ഇടുക്കി ഗോള്‍ഡും, ഹണീബീയുമെല്ലാം കഞ്ചാവ്, മദ്യ മാഫിയാകളുടെ പ്രമോട്ടര്‍മാരായി എന്ന് പറയുന്നതില്‍ വാസ്തവമില്ലാതെയില്ല. ഇന്ന് സാധാരണക്കാരിലേക്ക് ഏറ്റവും കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെന്ന് സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന മാധ്യമമാണ് സിനിമ. കുട്ടികള്‍ക്ക് സിനിമ ഒരു സംവിധായകന്റെ ഭാവനയില്‍ പിറന്ന ഒരു ജീവിതത്തിന്റെ രണ്ടര മണിക്കൂര്‍ മാത്രമാണെന്ന വസ്തുത മനസ്സിലാക്കാന്‍ സാധിക്കണമേന്നില്ല. അവര്‍ സിനിമയെ ജീവിതത്തിലേക്ക് പ്രയോഗിക്കാന്‍ തുടങ്ങും. അവിടെ കഥാപാത്രങ്ങള്‍ അനുകരിക്കപെടും.  സിനിമയല്ല ജീവിതമെന്നു മനസിലാക്കി വരുമ്പോഴേക്കും ജീവിതവും അവന്റെ കയ്യിലെ ചരടുകള്‍ക്ക് അനിയന്ത്രിതമാവും.

കേരളത്തിലെ യുവത കഞ്ചാവ് മാഫിയയുടെ കരാളഹസ്തങ്ങളില്‍ അമര്‍ന്ന്‍ ഒരു പഫിനു വേണ്ടി എന്ത് വിലകൊടുത്തും, എവിടെ പോയി വാങ്ങാനും തയ്യാറാണ്. പോലീസും അതികൃതരും മുഴുവന്‍ ഉത്തരവാധിത്തവും വര്‍ഷങ്ങള്‍ക്ക് മുന്പ് മരിച്ചു മണ്ണടിഞ്ഞ ബോബ്മാര്‍ലിയുടെയും, ചെഗുവരയുടെയുമെല്ലാം തലയില്‍ വച്ചിട്ട് കൈകഴുകാന്‍ ശ്രമിക്കുകയാണ്. കഞ്ചാവ് മാഫിയയെ പിടിക്കാനോ, കഞ്ചാവിന്റെ ഉത്പാദനത്തെയോ വിപണനത്തിനെയോ തടയാനോ കഴിയാത്ത കേരള പോലീസിന്റെ അപര്യാപ്തത മറിച്ചു പിടിക്കാനാണ് പാവപെട്ട വഴിയോര വാണിഭക്കാരെ ബോബ് മാര്‍ലിയുടെ ടി-ഷര്‍ട്ട്‌ വില്‍ക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്.

സുഹൃത്തെ ഒരു പഫ്ഫില്‍ തുടങ്ങുമ്പോള്‍ ഓര്‍ക്കുക, എന്തിനാണ് നമ്മുടെ വിലപെട്ട ആരോഗ്യവും,സമ്പത്തും,സമാധാനവും നമ്മള്‍ സ്വയം നശിപ്പിക്കുന്നത്. നരകിച്ചു മരിക്കുന്നതിനെക്കാള്‍ ഒരു നല്ല മടക്കം നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം മാഫിയകളുടെ ചതികുഴികളില്‍ നിന്നും നമ്മള്‍ നമ്മളെയും നമ്മുടെ സുഹൃത്തുക്കളെയും അകറ്റി നിര്‍ത്തുക.