Thursday, March 22, 2018

വായന-ബ്രിഡ

ബ്രിഡയെന്ന സുന്ദരിയായ ഇരുപത്തൊന്നു വയസ്സുള്ള ഐറിശുകാരിയുടെ കഥയാണിത്. പൌലോ കൊയ്ലോയുടെ ഒരു തത്വശാസ്ത്ര-കാല്പനിക നോവലാണ്‌ ബ്രിഡ. അലക്ഷ്യമായ ജീവിതരീതി തന്നെയാണ് അവളെ സ്വയം അറിയാന്‍ പ്രേരിപ്പിക്കുന്നത്. അതിനായി അവള്‍ മാജിക്കിന്റെ മാര്‍ഗം തിരഞ്ഞെടുക്കുന്നു. മാജിക്കിനോടുള്ള അവളുടെ അടങ്ങാത്ത ദാഹം അവളെ കൊണ്ടെത്തിക്കുന്നത് ആവേശകരവും അസ്വസ്തവുമായ സഞ്ചാരപഥങ്ങളിലേക്കാണ്.

ബ്രിഡ മാജിക്കിന്റെ പാഠങ്ങള്‍ പഠിക്കാന്‍ ആദ്യം എത്തിപെടുന്നത് മഗസ് എന്ന മന്ത്രവാദിയുടെ അടുക്കലാണ്. വനത്തില്‍ തനിച്ചു താമസിക്കുന്ന,  ഏകാന്തതയെ ആഘോഷമാക്കുന്ന ആളാണ്‌ മഗസ്.സൂര്യപാരമ്പര്യത്തിലൂടെയാണ് അദ്ദേഹം  മാജിക്കിന്റെ ലോകത്തെ പരിചയപെടുത്തുന്നത്. ബ്രിഡയെ കണ്ടപ്പോള്‍ തന്നെ തന്റെ ആത്മപങ്കാളിയാണ് മുന്നില്‍ നില്‍കുന്നതെന്നു മാഗസിനു മനസ്സിലാക്കാന്‍ കഴിയുന്നു. എന്നാല്‍ അവളേക്കാള്‍ ഇരട്ടി പ്രായം തനിക്കുണ്ടെന്നും അദ്ദേഹത്തിനു നല്ല ബോധവുമുണ്ട്. എന്നാല്‍ ബ്രിഡയെ ഒരു പാറപ്പുറത്ത് തനിച്ചാക്കി മഗസ് അപ്രത്യക്ഷനാവുന്നു. ഇതവളെ ചൊടിപ്പിക്കുന്നു. അങ്ങനെ അവള്‍ മറ്റൊരു ഗുരുവിനെ കണ്ടെത്തുന്നു. വിക്ക എന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീ. അവര്‍ ചന്ദ്രപാരമ്പര്യത്തിന്റെ വക്താവാണെന്നു അവകാശപെടുന്നു.

ഈ ലോകത്തിന്റെ അദൃശ്യമായ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാന്‍ പഠിപ്പിക്കുകയായിരുന്നു വിക്ക. എന്നാല്‍ ബ്രിഡയെ തന്റെ ശിഷ്യയാക്കുമ്പോള്‍ മറ്റൊരു ദുരുദ്ദേശം കൂടിയുണ്ടായിരുന്നു വിക്കക്ക്. തന്റെ മുന്‍ കാമുകനായ മഗസ് എന്തുകൊണ്ടായിരിക്കണം ബ്രിഡയെ ശിഷ്യയായി സ്വീകരിക്കാതിരുന്നത് എന്നറിയാനായിരുന്നു അത്. എന്നാല്‍ അത് കണ്ടെത്താന്‍ വിക്കക്ക് ആകുന്നില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ് എന്നും നിഗൂഢതകളായി തുടരുക തന്നെ ചെയ്യും.

ജീവിതത്തെക്കുറിച്ചും, ആത്മപങ്കാളിയെക്കുറിച്ചുമുള്ള അന്വേഷണങ്ങളാണ് ബ്രിഡയുടേത്. എല്ലാവരുടെയും അങ്ങനെ തന്നെ. അവളതിനു തിരഞ്ഞെടുത്ത മാര്‍ഗം മാജിക്കാണ്. നമ്മളും പല വഴിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതും അതൊക്കെ തന്നെയാണ്. ചിലര്‍ക്ക് ലക്ഷ്യത്തെ കുറിച്ച് ബോധമില്ലെന്നു മാത്രം. മറ്റുചിലര്‍ സൗകാര്യപൂര്‍വ്വം ലക്ഷ്യത്തെ മറക്കുന്നു. ഒരേ ആത്മാവും വിത്യസ്തമായ ശരീരങ്ങളും തമ്മിലുള്ള ഒത്തുചേരല്‍ തന്നെയാണ് കഥയുടെ ഇതിവൃത്തം. സ്നേഹിക്കുകയാണ് എന്ന വിശ്വാസത്തോടെ സ്നേഹിക്കാനാണ് കൊയ്ലോ പറയാതെ പറയുന്നത്.

അവസാനം ബ്രിഡയെ ഒരു ധര്‍മ്മസങ്കടത്തിലേക്ക് എഴുത്തുകാരന്‍ തള്ളിയിടുന്നു. തന്റെ ആത്മപങ്കാളിയില്‍ മാത്രം കാണുന്ന കണ്ണുകളിലെ പ്രകാശം ബ്രിഡ തന്റെ ഗുരുവിലും  തന്റെ കാമുകന്‍ ലോറന്‍സിലും ഒരുപോലെ കാണുന്നു. എന്നാല്‍ ഇവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാന്‍ ബ്രിഡക്ക് കഴിയുന്നില്ല.

അനേകം വരുന്ന ആത്മപങ്കാളികളില്‍ രണ്ടുപേര്‍ മാത്രമാണ് മഗസും ലോറന്‍സുമെന്നു ബ്രിഡ മനസ്സിലാക്കുന്നു. എല്ലാവര്‍ക്കും തന്നോടൊപ്പം എന്നും ഉണ്ടാവാന്‍ കഴിയില്ലെന്നും, ചിലര്‍ നമ്മുടെ ജീവിതത്തിലെ ചില അദ്ധ്യായങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം വിട പറയേണ്ടവരാണെന്നുമുള്ള ബോധം വൈകിയാണെങ്കിലും ബ്രിഡയെ തേടിയെത്തുന്നു.

ആത്മപങ്കാളി എന്ന ആശയവും പുനര്‍ജന്മ സിദ്ധാന്തങ്ങളും കൊണ്ട് വാര്‍ത്തെടുത്തതാണ് ബ്രിഡയിലെ ഓരോ കഥാപാത്രങ്ങളും. ഓരോ മനുഷ്യന്റെയും പൂര്‍ണ്ണതയിലേക്കുള്ള ദാഹമാണ് സ്നേഹത്തിലേക്കും ആത്മപങ്കാളിയിലേക്കുമുള്ള ദാഹം. മന്ത്രവാദത്തിന്റെയും പുനര്‍ജന്മത്തിന്റെയുമെല്ലാം സിദ്ധാന്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ആത്മപങ്കാളി എന്ന ആശയത്തെ സാധൂകരിക്കാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍ താന്‍ ജന്മം നല്‍കിയ ഓരോ കഥാപാത്രങ്ങളിലൂടെയും.

പൌലോ കൊയ്ലോയുടെ ഈ നോവലിനെ തത്വശാസ്ത്ര-കാല്പനികതയായി തരാം തിരിക്കാം. അവ നമ്മെ അഗാധമായി ചിന്തിപ്പിക്കുന്നു. അവ നമ്മുടെ അവബോധങ്ങളെ ഉണര്‍ത്തുന്നു. അവ നമ്മുടെ വിജ്ഞാനമണ്ഡലത്തെ വിശാലമാക്കുന്നു. അവ നമ്മെ വൈവിധ്യമാര്‍ന്ന ജീവിത സാഹചര്യങ്ങളിലേക്ക് തള്ളിയിടുന്നു.

കഥാപത്രങ്ങളുടെ മുന്‍ ബന്ധങ്ങളും ഇപ്പോഴത്തെ ബന്ധങ്ങളും കുഴഞ്ഞുമറിഞ്ഞാണ് കിടക്കുന്നത്. അവയൊന്നു കെട്ടഴിച്ചു ഇടക്കുമ്പോള്‍ അറിവിനും സ്നേഹത്തിനുമായുള്ള തിരച്ചിലുകള്‍ യതാര്‍ത്ഥ ജീവിതത്തിലെന്നപോലെ ഈ കഥയിലും പരസ്പരം കെട്ടുകൂടി കിടക്കുന്നവയാണെന്ന് മനസ്സിലാകും. മനുഷ്യത്വത്തിലേക്ക് നയിക്കുന്ന നിര്‍വചനീയമല്ലാത്ത ഒരു ഊര്‍ജമാണ് സ്നേഹം.

2 comments:

  1. ബ്രിഡ വായിച്ചിട്ടില്ല... പരിചയപ്പെടുത്തിയതിന് നന്ദി തല്‍ഹത്ത്.

    ReplyDelete